അധ്യാപക ദിനം
സെപ്റ്റംബര്‍ 5 .
ആദ്യാക്ഷരം പകര്‍ന്ന് നല്‍കുന്ന ഗുരുക്കന്മാര്‍ക്കായി ഒരു ദിനം .അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. സര്‍വേപള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിവസമാണ് ഇന്ത്യ അധ്യാപക ദിനമായി ആചരിക്കുന്നത്.1962 മുതല്‍ ഭാരതമൊട്ടാകെ അധ്യാപകദിനമായി ആചരിച്ചുപോരുന്നു.
പ്രശസ്തനായ എഴുത്തുകാരന്‍, പക്വമതിയായ രാഷ്ട്രതന്ത്രജ്ഞന്‍, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്നേഹനിധിയായ രാഷ്ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്‍, കളങ്കമറ്റ രാജ്യസ്നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട് പുണ്യം ചെയ്യിച്ച ജ്ഞാനപ്രവാഹം, അങ്ങനെ അറിയാനും, അറിയിക്കാനും അദ്ദേഹത്തിന് എത്രയെത്ര വിശേഷണങ്ങള്‍.
1952ല്‍ ആദ്യ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.
”നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദര്‍ശനവും അതിന് അനിവാര്യമാണ്.’അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം” ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്ണന്റെ കാഴ്ചപ്പാട്……
സ്നേഹപൂർവ്വം
അധ്യാപക ദിനാശംസകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
thanks